മുംബൈ: മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച 12 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. മുഴുവൻ പ്രതികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2015ൽ വിചാരണ കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്. എന്നാൽ, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് ബോംബൈ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.
2006ലായിരുന്നു മുംബൈ ട്രെയിൻ സ്ഫോടനം നടന്നത്. 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ 19 വർഷത്തിന് ശേഷമായിരുന്നു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബൈ ഹൈക്കോടതി വിധി. ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്.
2006 ജൂലൈ 11ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. 2015ൽ വിചാരണ കോടതി പ്രതികളായ 12 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമൽ അൻസാരി, എഹ്തെഷാം സിദ്ദുഖി എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, തൻവീർ അൻസാരി, മജീദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു.
Most Read| കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്