തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാർ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകൾ പണിയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിർമാണ മേൽനോട്ടവും നിർമാണവും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. സർക്കാർ തയ്യാറാക്കുന്ന പ്ളാനിൽ 1000 സ്‌ക്വയർ ഫീറ്റ് വീതം വിസ്‌തീർണമുള്ള ഒറ്റനില വീടുകളാവും നിർമിക്കുക.
കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനെ നിർമാണ മേൽനോട്ടം ഏൽപ്പിച്ച് നിർമാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന. അതേസമയം, ദേശീയ, രാജ്യാന്തര തലത്തിലെ ഏജൻസികളെ പരിഗണിക്കേണ്ടതില്ലേ എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
നൂറുവീടുകൾ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത് കർണാടക, തെലങ്കാന സർക്കാരുകളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ്. അവരുടെ അഭിപ്രായവും പരിഗണിക്കേണ്ടി അവരും. ടൗൺഷിപ്പിന് കണ്ടെത്തിയ നെടുമ്പാല, എൽസ്‌റ്റോൺ എസ്‌റ്റേറ്റുകളിലെ ഭൂമി തർക്കത്തിന് 27ന് ഹൈക്കോടതി വിധി പറയും. അതിനുശേഷം തുടർനടപടികൾ ആരംഭിക്കും.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല