കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. സൗബിന് പുറമെ പിതാവ് ബാബു ഷാഹിറിനും ചിത്രത്തിന്റെ മറ്റൊരു നിർമാതാവ് ഷോൺ ആന്റണിക്കും നോട്ടീസ് ആയിച്ചിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന മരട് പോലീസാണ് നോട്ടീസ് നൽകിയത്. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. സൗബിനും ബാബു ഷാഹിറിനും ഷോൺ ആന്റണിയും ചേർന്നുള്ള പറവ ഫിലിംസായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണം.
വൻ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കേസ്. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി.
ഏഴുകോടി രൂപ ചിത്രത്തിനായി താൻ മുതൽ മുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവെച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നൽകണമെന്നുമായിരുന്നു കരാർ എന്ന് സിറാജ് പറയുന്നു. എന്നാൽ, പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇത് പാലിച്ചില്ല എന്ന് കാട്ടി സിറാജ് കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും മരട് പോലീസ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുകാട്ടി റിപ്പോർട് നൽകുകയും ചെയ്‌തു.
പിന്നാലെ സൗബിൻ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും കേസിൽ ജാമ്യമെടുക്കുകയും ചെയ്‌തു. സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം സിറാജ് കൃത്യസമയത്ത് നൽകിയില്ലെന്നും പണം ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിങ് നീണ്ടുപോയി നഷ്‌ടം സംഭവിക്കുകയും ചെയ്‌തു എന്നായിരുന്നു സൗബിന്റെ വാദം.
കീഴ്‌ക്കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം തുടരാമെന്നും ഹൈക്കോടതി കഴിഞ്ഞമാസം ഉത്തരവിട്ടു. ഇതോടെയാണ് മരട് പോലീസ് കേസിൽ അന്വേഷണം വീണ്ടും ഊർജിതപ്പെടുത്തിയിരിക്കുന്നത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!