പ്രകൃതിഭംഗികൊണ്ടും കാലാവസ്‌ഥകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ ‘മിൽക്ക് എടിഎം’ കണ്ട് അൽഭുതപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാർനർ. സഞ്ചാരിയായ ഇദ്ദേഹം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പണം കൊടുത്താൽ പാൽ തരുന്ന എടിഎം ഇപ്പോൾ ലോക ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
ഹഗ് ഗാർനർ പങ്കുവെച്ച വീഡിയോ ഇതിനോടകം പത്തുലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്ന് ഹഗ് പറയുന്നു. കേരളത്തിലാണ് സംഭവമെങ്കിലും ഇന്ത്യ എന്നാണ് ഹഗ് പറയുന്നത്. ഒരു ലിറ്റർ പാലിന് 0.60 ഡോളർ (52 രൂപ) മാത്രമാണ് വിലയെന്നും ഹഗ് പറയുന്നുണ്ട്. ഇതാണ് ഇയാളെ കൂടുതൽ അൽഭുതപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഓഗസ്‌റ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ് മെഷീൻ മൂന്നാറിൽ പ്രവർത്തനമാരംഭിച്ചത്. 10,20,50,100 നോട്ടുകളിൽ ഏതെങ്കിലുമൊന്ന് യന്ത്രത്തിൽ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വെച്ചുകൊടുത്താൽ കൊടുത്ത തുകയ്‌ക്കുള്ള പാൽ ലഭിക്കും. 200 ലിറ്റർ സംഭരണ ശേഷിയുള്ള മെഷീനാണ് ഇതിനായി സ്‌ഥാപിച്ചിരിക്കുന്നത്.
1000 ലിറ്ററോളം പാൽ ഒരു ദിവസം ഇതുവഴി ഗുണഭോക്‌താക്കളിലേക്ക് എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ദേവികുളം ബ്ളോക്കിലെ ലക്ഷ്‌മി ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിന്റെ ഹൃദയ ഭാഗത്ത് മിൽക്ക് എടിഎം സ്‌ഥാപിച്ചത്. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് മിൽക്ക് വെൻഡിങ് മെഷീന്റെ പ്രവർത്തനം.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ