കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലുള്ള തർക്കങ്ങൾ പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് നേതൃത്വം മുന്നറിയിപ്പ് നൽകിയത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്‌ണനാണ് നിലപാട് അറിയിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ മുരളീധര വിഭാഗം രംഗത്തെത്തി. പാർട്ടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ലെന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്. അച്ചടക്ക നടപടി വിളിച്ചു വരുത്തിയ പ്രവർത്തിയാണ് ശോഭാ സുരേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇവർക്കെതിരെ ശക്‌തമായ നടപടി വേണമെന്നും മുരളീധര പക്ഷ നേതാക്കൾ അറിയിച്ചു.
Also Read: ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി
എന്നാൽ, പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കൃഷ്‌ണദാസ് വിഭാഗത്തിലുള്ള നേതാക്കളുടെ ആവശ്യം. ഇരുകൂട്ടരും വിട്ടുവീഴ്‌ചക്ക് തയാറാകണമെന്നും അവർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ ബിജെപി നേതാക്കൾക്കെതിരെ നടപടിയെടുത്ത് പ്രശ്‌നം വഷളാക്കാൻ കഴിയില്ലെന്നാണ് സിപി രാധാകൃഷ്‌ണൻ അറിയിച്ചത്. ശോഭാ സുരേന്ദ്രൻ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരുന്നത് വ്യക്‌തിപരമായ പ്രശ്‌നങ്ങൾ കാരണമാണെന്നും അദ്ദേഹം യോഗത്തിൽ വ്യക്‌തമാക്കി.