തൃശൂർ: കേരളത്തിൽ മുസ്‌ലിംകൾ അനർഹമായി പലതും നേടിയെടുക്കുവെന്ന ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചാരണം വസ്‌തുതകൾക്ക് നിരക്കാത്തതും നിരുത്തരവാദപരവും ആണെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“മുസ്‌ലിംകൾക്കെതിരെ കുപ്രചരണങ്ങൾ അഴിച്ച് വിട്ട് സാമൂഹികവും സാമുദായികവുമായ ധ്രുവീകരണം ഉണ്ടാക്കുന്ന ഛിദ്രശക്‌തികൾക്ക് വളം നൽകാനേ ഇത്തരം പ്രചാരണങ്ങൾ ഉപകരിക്കൂ. അസത്യം പ്രചരിപ്പിക്കുന്ന ഇത്തരക്കാർക്ക് പിറകിൽ ഹിഢൻ അജണ്ടകൾ ഉള്ളതായി മനസിലാക്കണം.” -കേരള മുസ്ലിം ജമാഅത്ത് വ്യക്‌തമാക്കി.
സർക്കാർ നിയമസഭയിൽ വെച്ച രേഖകൾ ഇത്തരം ആക്ഷേപങ്ങളെ വ്യക്‌തമായും നിരാകരിക്കുന്നുണ്ട്. അനർഹമായത് നേടിയില്ലെന്നത് മാത്രമല്ല, അർഹമായത് ലഭിച്ചിട്ടില്ല എന്ന് യാഥാർഥ്യം ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നു. സത്യത്തിനെതിരെ പ്രചാരണം നടത്തുന്നവർ അതിൽ നിന്നും പിൻമാറണം.
മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്ന കുപ്രചരണം നടത്തി വസ്‌തുതകൾ തമസ്ക്കരിക്കുന്നവർക്ക് ചൂട്ട് പിടിച്ച് കൊടുക്കുകയാണ് സമൂഹത്തിലെ ചിലർ. കേരളത്തിലൊരു മദ്രസ അധ്യാപകർക്കും സർക്കാർ ശമ്പളം നൽകുന്നില്ല. അസത്യം പ്രചരിപ്പിക്കുന്ന വരെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം.
കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുന്നതിന് ജാതി സെൻസസ് നടപ്പിലാക്കണം. കാന്തപുരത്തിന് സർക്കാർ ഭൂമി പതിച്ചു നൽകി എന്ന പ്രസ്‌താവനയുടെ നിജസ്‌ഥിതി സർക്കാർ പുറത്ത് കൊണ്ട് വരണം. ഒരു തുണ്ട് ഭൂമി പോലും കാന്തപുരത്തിന്റെ പ്രസ്‌ഥാനം സർക്കാറിൽ നിന്ന് നേടിയിട്ടില്ല. മാന്യതയുണ്ടെങ്കിൽ പറയുന്നവർ അത് തെളിയിക്കണം. ആരെ പ്രീതിപ്പെടുത്താനും, ആരിൽ നിന്ന് കാര്യങ്ങൾ തന്ത്രത്തിൽ നേടിയെടുക്കാനും, ആരുടെ താൽപര്യപ്രകാരവുമാണ് ഈ അസത്യ പ്രസ്‌താവനയെന്ന് തെളിയേണ്ടതുണ്ട്. – കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര രംഗത്ത് അറിയപ്പെടുന്ന ഇസ്‍ലാമിക പണ്ഡിത പ്രതിഭയായ കാന്തപുരത്തെ മോശമാക്കി പറഞ്ഞത് തിരുത്തണം. സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുള്ള കുൽസിത ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം പ്രസ്‌താവനകളെ കാണാൻ കഴിയൂവെന്നും നേതാക്കൾ പറഞ്ഞു.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലയിൽ 5000 ഗ്രാമങ്ങളെ സ്വയം പര്യാപ്‌തമാക്കാൻ സംഘടന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനുള്ള പരിശീലനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിവിധ മത വിശ്വാസികൾക്കിടയിൽ പരസ്‌പര സൗഹൃദവും സ്‍നേഹവും വളർത്തിയെടുക്കാൻ പ്രാദേശിക ഗ്രാമസംഗമങ്ങൾ ചേരും. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ വീണ്ടെടുക്കുന്നതിനും പാരന്റിംഗിൽ കൃത്യമായ അവബോധം നൽകാനും രണ്ട് ലക്ഷം കുടുംബനാഥകൾക്ക് സമഗ്ര പരിശീലനം നൽകുമെന്നും പത്രസമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജന: സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, സംഘടനാ സെക്രട്ടറിമാരായ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി എന്നിവർ പങ്കെടുത്തു.
MOST READ | ശ്രുതിയുടെ ഹണിട്രാപ്പിൽ പോലീസ് ഉദ്യോഗസ്‌ഥരും!