തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുമുതൽ ആറുവരെ പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ ഏഴുമുതൽ ഒമ്പത് വരെ പ്രതികൾക്കുമാണ് ജീവപര്യന്തം.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായൺ, ടിപി വധക്കേസ് പ്രതി ടികെ രജീഷ് എന്നിവരടക്കം എട്ട് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11ആം പ്രതിക്ക് മൂന്നുവർഷം കഠിനതടവും വിധിച്ചു. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പത്തായക്കുന്ന് കാരായിന്റെവിട ടികെ രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻവി യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പിഎം മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെവി പത്‌മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്‌ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നിവരാണ് കേസിലെ പ്രതികൾ.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പികെ ഷംസുദീൻ, 12ആം പ്രതി മക്രേരി കിലാലൂർ ടിപി രവീന്ദ്രൻ എന്നിവർ വിചാരണയ്‌ക്ക് മുൻപ് മരിച്ചിരുന്നു. 2005 ഓഗസ്‌റ്റ് ഏഴിന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുമ്പിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ