തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെടി നിസാർ അഹമ്മദ് ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്‌ച വിധിക്കും.
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പത്തായക്കുന്ന് കാരായിന്റെവിട ടികെ രജീഷ് (45), കാവുംഭാഗം പുതിയേടത്ത് എൻവി യോഗേഷ് (45), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കെ ഷംജിത്ത് എന്ന ജിത്തു, കൂത്തുപറമ്പ് നരവൂർ പിഎം മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റവളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട വി പ്രഭാകരൻ (65), പുതുശ്ശേരി വീട്ടിൽ കെവി പത്‌മനാഭൻ (67), മന്ദമ്പേത്ത് രാധാകൃഷ്‌ണൻ (60), എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശൻ (56) എന്നിവരാണ് കുറ്റക്കാർ.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പികെ ഷംസുദീൻ, 12ആം പ്രതി മക്രേരി കിലാലൂർ ടിപി രവീന്ദ്രൻ എന്നിവർ വിചാരണയ്‌ക്ക് മുൻപ് മരിച്ചിരുന്നു. 2005 ഓഗസ്‌റ്റ് ഏഴിന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുമ്പിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
കേസിൽ 28 സാക്ഷികളെ വിസ്‌തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്നും തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുമാണ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ടികെ രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും പിഎം മനോരാജിനെയും കേസിൽ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകുകയായിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ