നീപെഡോ: മ്യാൻമറിനെയും ബാങ്കോക്കിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 1644 പേർ മരിച്ചതായാണ് റിപ്പോർട്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 139 പേരോളം ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തകർന്നടിഞ്ഞ പല സ്‌ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല.
റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ, മാന്റലെയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്‌ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്‌ത്രീയെ ജീവനോടെ പുറത്തെത്തിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിൽ മാത്രം 1200 ബഹുനില കെട്ടിടങ്ങൾ തകർന്നു.
മരണം 10,000 കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.50ന് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് സമീപത്തായിരുന്നു പ്രഭവകേന്ദ്രം.
അതേസമയം, ഓപ്പറഷൻ ബ്രഹ്‌മയുടെ ഭാഗമായി ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിലെത്തി. 80 അംഗ എൻഡിആർഎഫ് സംഘത്തെയാണ് ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് അയച്ചത്. ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താൽക്കാലിക ആശുപത്രി സ്‌ഥാപിക്കും. കഴിഞ്ഞദിവസം 15 ടൺ ദുരിതാശ്വാസ വസ്‌തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണിൽ എത്തിയിരുന്നു.
മ്യാൻമറിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ”മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള സ്‌ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്‌ലൻഡിലും സർക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്”- മോദി എക്‌സിൽ കുറിച്ചു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ