തിങ്കളാഴ്‌ച രാത്രിയാണ് ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ പലചരക്ക് കടയിലെ തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം നുരഞ്ഞുപൊങ്ങി പരന്നൊഴുകിയത്. കട്ടിയായ രക്‌തമെന്ന് തന്നെയായിരുന്നു കണ്ടുനിന്നവരുടെയെല്ലാം നിഗമനം. വിവരം പതുക്കെ നാട്ടിൽ പാട്ടായി. തടിച്ചുകൂടിയവരെല്ലാം രക്‌തം നുരഞ്ഞുപൊങ്ങിയത് കണ്ട് അമ്പരപ്പോടെ നിന്നു.
തറയ്‌ക്ക് അടിയിൽ നിന്നായതിനാൽ പല ഊഹാപോഹങ്ങളും പരന്നു. മനുഷ്യ രക്‌തമെന്നും മൃഗങ്ങളുടെ രക്‌തമെന്നും അഭിപ്രായങ്ങൾ ഉയർന്നു. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ കളത്തിൽപ്പറമ്പിൽ കെകെ തമ്പി എട്ടുവർഷമായി നടത്തുന്ന പലചരക്ക് കടയുടെ തറയാണ് അരമണിക്കൂറോളം ചോരക്കളമായത്. തറയുടെ എല്ലാ ഭാഗത്തുനിന്നും ദ്രാവകം പുറത്തേക്കൊഴുകി.
കടലാസും തുണികളും കൊണ്ട് തുടച്ചെങ്കിലും രക്‌തക്കറ മാറിയില്ല. ഒടുവിൽ പഞ്ചായത്തിൽ വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജി. ശശികലയും ആരോഗ്യവകുപ്പ് അധികൃതരും സ്‌ഥലത്തെത്തി. ശാസ്‌ത്രീയ പരിശോധന നടത്തിയില്ലെങ്കിലും രക്‌തമല്ലെന്ന് അധികൃതർ പറഞ്ഞു. മഴയിൽ വെള്ളം പൊങ്ങിയപ്പോൾ തറയ്‌ക്കടിയിൽ നിന്ന് പെയിന്റിന് സമാനമായ ദ്രാവകം നുരഞ്ഞു പൊങ്ങിയതാകാമെന്നാണ് അധികൃതർ പറയുന്നത്.
പത്തുവർഷം മുൻപ് ഇവിടെ പെയിന്റ് ഉപയോഗിച്ചിരുന്ന സ്‌ഥാപനം പ്രവർത്തിച്ചിരുന്നെന്നും അതുവഴിയാകാം ഇപ്പോഴത്തെ പ്രതിഭാസമെന്നുമാണ് അധികൃതരുടെ നിഗമനം. എന്നാൽ, വെള്ളം ഇതിലുമധികം പൊങ്ങിയപ്പോഴൊന്നും ഉണ്ടാകാത്ത പ്രതിഭാസം ഇപ്പോഴുണ്ടായതാണ് നാട്ടുകാരിൽ അമ്പരപ്പും സംശയവുമുയർത്തുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!






































