തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം ചോദിച്ച് സസ്‌പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ഉൾപ്പടെ ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അസാധാരണ കത്ത്.
കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിന്റെ നിലപാട്. പ്രശാന്തിന്റെ നടപടിയിൽ കടുത്ത അതൃപ്‌തിയിലാണ് സർക്കാർ. ഇതോടെ, ഐഎഎസ് തലപ്പത്തെ പോര് നീളുന്നത് അസാധാരണ തലത്തിലേക്കാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്‌ടർ ആയിരുന്ന കെ ഗോപാലകൃഷ്‌ണനെയും സാമൂഹിക മാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്.
തൊട്ടുപിന്നാലെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകി. എന്നാൽ, മെമ്മോക്ക് മറുപടി നൽകുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത്. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റുകൾക്കതിരെ ജയതിലകും ഗോപാലകൃഷ്‌ണനും ആർക്കും പരാതി നൽകിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമ്മോ നൽകിയതിൽ എന്ത് യുക്‌തിയുണ്ടെന്നാണ് പ്രശാന്തിന്റെ ചോദ്യം.
സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം എന്തുകൊണ്ട് കേട്ടില്ല, ചാർജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ്ബുക്ക് പോസ്‌റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്, ഏത് സർക്കാർ ഉദ്യോഗസ്‌ഥന്റെ അക്കൗണ്ടിൽ നിന്നാണ് ശേഖരിച്ചത്, ഏത് ഉദ്യോഗസ്‌ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്, ഏത് സ്വകാര്യ വ്യക്‌തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയത് തുടങ്ങിയ കാര്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 16നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് ഇതുവരെയും മറുപടി നൽകിയിട്ടില്ല. ചാർജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ചു ഒരു ഉദ്യോഗസ്‌ഥൻ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ഇതിൽ കടുത്ത രോഷത്തിലാണ് സർക്കാർ.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല