ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടെ അമ്മയെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. ചീഫ് ജസ്‌റ്റിസിന്റെ കുടുംബത്തിന്റ മേൽനോട്ടക്കാരൻ തപസ് ഘോഷ് (49) ആണ് രണ്ടര കോടി രൂപയോളം തട്ടിയെടുത്തത്. ഇയാളെ നാഗ്‌പൂർ പോലീസ് സീതാബുൾഡി എന്ന സ്‌ഥലത്ത് വെച്ച് പിടികൂടി.
ബോബ്‌ഡെയുടെ അമ്മ മുക്‌ത ബോബ്‌ഡെയുടെ ഉടമസ്‌ഥതയിലുള്ള സീസൺസ് ലോൺ എന്ന സ്‌ഥാപനത്തിന്റെ മാനേജരായിരുന്നു തപസ് ഘോഷ്. കഴിഞ്ഞ 13 വർഷമായി സ്‌ഥാപനത്തിന്റെ മേൽനോട്ടം നിർവഹിച്ചിരുന്നത് ഇയാളാണ്. കല്യാണം, റിസപ്‌ഷനുകൾ തുടങ്ങിയ പരിപാടികൾക്ക് വേണ്ടി സ്‌ഥാപനം വാടകക്ക് നൽകാറുണ്ടായിരുന്നു. ബുക്കിങ്, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം കൈകാര്യം ചെയ്‌തിരുന്നത് തപസ് ഘോഷ് ആണ്. ബുക്കിങ്ങിൽ നിന്ന് ലഭിച്ച പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെയും വ്യാജ ബില്ലുകൾ ഉണ്ടാക്കിയും പല തവണ തപസ് ഘോഷ് പണം തട്ടിയിട്ടുണ്ടെന്ന് നാഗ്‌പൂർ ഡിസിപി വിനിത സാഹു പറയുന്നു.
Also Read: പുതിയ പാര്‍ലമെന്റ് മന്ദിരം; ഭൂമീ പൂജയും ശിലാസ്‌ഥാപന ചടങ്ങും ആരംഭിച്ചു
തട്ടിപ്പ് മനസിലാക്കിയ മുക്‌ത ബോബ്‌ഡെ സാമ്പത്തിക വഞ്ചനക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 2.5 കോടി രൂപയോളം തപസ് ഘോഷ് തട്ടിയെടുത്തതായി കണ്ടെത്തിയത്. ഐപിസി 409 (വിശ്വാസ വഞ്ചന), 420, 467 എന്നീ വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.