ചണ്ഡിഗഡ്: കോൺഗ്രസിനെ അടച്ചാക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഹരിയാനയിലെ പൽവാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് ദേശസ്‌നേഹം തകർക്കാൻ ആഗ്രഹിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്‌ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെയും കോൺഗ്രസ് കുരുക്കിലാക്കി. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് അനുവദിച്ചില്ല. ജമ്മു കശ്‌മീരിൽ ഭരഘടന പൂർണമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിച്ചില്ല’- മോദി പറഞ്ഞു.
‘പാർലമെന്റിലും നിയമസഭയിലും അവർ നമ്മുടെ സഹോദരിമാർക്ക് സംവരണം നിഷേധിച്ചു. മുത്തലാഖ് പ്രശ്‌നത്തിൽ നമ്മുടെ മുസ്‌ലിംകളെ കുടുക്കിയത് കോൺഗ്രസാണ്. രാജ്യത്തിന്റെയും പൗരൻമാരുടെയും പ്രശ്‌നങ്ങൾ കോൺഗ്രസ് ഒരിക്കലും പരിഹരിച്ചില്ല. ഇന്നും ബിജെപിയെ പിന്തുണയ്‌ക്കുന്നവർ ദേശസ്‌നേഹികളാണ്. ജാതിമതം പ്രചരിപ്പിച്ച് മറ്റൊരു സമുദായത്തിനെതിരെ പോരാടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്’- മോദി കുറ്റപ്പെടുത്തി.
വിജയം കൂടുതൽ ദുഷ്‌കരമാകുമെന്ന് കോൺഗ്രസിന് തോന്നുകയാണ്. അതുകൊണ്ടാണ് ദേശസ്‌നേഹികളുടെ ഐക്യം തകർക്കാൻ കോൺഗ്രസ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ നുണ പരീക്ഷണം നടത്തിയിരുന്നു. സ്‌നേഹിക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഹരിയാന മുഴുവൻ പ്രതിജ്‌ഞയെടുക്കണം. നമ്മൾ ഒന്നായി രാജ്യത്തിന് വോട്ട് ചെയ്യും. ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും








































