ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ടുദിവസം നീളുന്ന വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണ് ലക്ഷ്യം.
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പടെയുള്ള അപൂർവ മൂലകങ്ങൾ ഏറെയുള്ള അർജന്റീന ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യക്കും താൽപര്യമുണ്ട്. ഇന്ന് ഇന്ത്യൻ സമയം 2.30ന് ഘാനയിലെ അക്രയിലെത്തുന്ന മോദി, പ്രസിഡണ്ട് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും.
രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്‌ച നടത്തും. രാജ്യങ്ങളിൽ വെച്ച് വിവിധ ധാരണാപത്രങ്ങളിലും മോദി ഒപ്പിടും. ബ്രസീലിൽ ബ്രിക്‌സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പടെയുള്ളവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കൃഷി, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ അർജന്റീനയുമായി കൂടുതൽ സഹകരണം ലക്ഷ്യമിടുന്ന ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് എതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നുണ്ട്. പത്ത് വർഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ വിദേശ പര്യടനമാണിത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!