ക്വാലാലംപൂർ: ഭീകരതയ്ക്കെതിരായി വീണ്ടും നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ”ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല. വിട്ടുവീഴ്ചയുമില്ല”- മലേഷ്യയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്ക് പുറമെ, സാങ്കേതിക വിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെ കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്ത് പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്കൊപ്പം സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും.
ലോകത്തിന്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണുള്ളത്. ഞങ്ങൾ സമുദ്ര മേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങൾക്കിടയിൽ ആഴമേറിയതും സ്നേഹനിർഭരവുമായ ബന്ധങ്ങളുണ്ട്”- മോദി പറഞ്ഞു.
മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം എന്നീ മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. പത്ത് നിർണായക കരാറുകളിലും ഒപ്പുവെച്ചു.
നരേന്ദ്രമോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരത്തെത്തി മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































