ടെഹ്റാൻ: 2023ലെ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്‌തമായി അറസ്‌റ്റ് ചെയ്‌തതെന്ന് അവരുടെ അനുയായികൾ പറയുന്നു.
2024 ഡിസംബറിൽ ജയിലിൽ നിന്ന് താൽക്കാലികമായി പുറത്തിറങ്ങിയ നർഗീസ് മുഹമ്മദി, കഴിഞ്ഞയാഴ്‌ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖൊസ്രോ അലികോർഡിയുടെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് മറ്റു നിരവധി പ്രവർത്തകർക്കൊപ്പം കസ്‌റ്റഡിയിൽ എടുത്തതായി അവരുടെ ഫൗണ്ടേഷൻ എക്‌സിലൂടെ അറിയിച്ചത്.
സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് മാദ്ധ്യമ പ്രവർത്തക കൂടിയായ നർഗീസിനെ 2023ൽ നൊബേൽ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ എപ്പോഴും മുഴങ്ങിക്കേട്ട ശബ്‌ദമായിരുന്നു നർഗീസ് മുഹമ്മദിയുടേത്. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിന് എതിരേയും, എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനുമായിരുന്നു അവരുടെ പോരാട്ടം.
ആരോഗ്യപരമായ കാരണങ്ങളാലാണ് ഡിസംബറിൽ നർഗീസിന് ജയിൽ മോചനം ലഭിച്ചത്. നർഗീസിന്റെ വലതു കാലിലെ അസ്‌ഥിയുടെ ഒരുഭാഗം നീക്കം ചെയ്യുന്നതിനായി ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ നർഗീസിന് അർബുദമാണെന്ന് സംശയിക്കുന്ന ചില മുറിവുകളും ഡോക്‌ടർമാർ കണ്ടെത്തിയിരുന്നു. തുടർന്നുണ്ടായ ദേഹാസ്വാസ്‌ഥ്യങ്ങൾ മൂലമാണ് ജയിൽ മോചിതനാക്കിയത്.
Most Read| ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ








































