കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടയിൽ പാലാ സീറ്റുമായി ബന്ധപ്പെട്ട നിലപാടുകൾ കടുപ്പിച്ച് എൻസിപി. ജോസ് വിഭാഗം ഉന്നയിക്കുന്ന അവകാശവാദങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏകപക്ഷീയ സീറ്റ് ചർച്ചകളിലുമുള്ള അതൃപ്‌തി മാണി സി കാപ്പൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. മാണി സി കാപ്പൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്നുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും ഇരുകൂട്ടരും അത് നിഷേധിച്ചിരിക്കുകയാണ്. ഇതിനേ തുടർന്ന് രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച എൻസിപി ഭാരവാഹിയോഗം വിളിച്ചിട്ടുണ്ട്.
ജോസ് കെ മാണിക്ക് സീറ്റ് നൽകുകയാണെങ്കിൽ മുന്നണി മാറ്റത്തിന് താൽപര്യം പ്രകടിപ്പിച്ച് മാണി സി കാപ്പൻ ഉമ്മൻ ചാണ്ടിയേയും തിരുവഞ്ചൂർ രാധാകൃഷ്‌ണനെയും കണ്ടുവെന്നാണ് പ്രചാരണം. എന്നാൽ,തിരുവഞ്ചൂരിനെ ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് കണ്ടെങ്കിലും രാഷ്‌ട്രീയ ചർച്ചകൾ നടന്നിട്ടില്ല എന്നാണ് മാണി സി കാപ്പൻ പറയുന്നത്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച ചർച്ചകൾ ഇതുവരെ ഇടതുമുന്നണി നടത്തിയിട്ടില്ല. അതിനാൽ, പാലാ സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് എൻസിപിക്ക് താൽപര്യമില്ലെന്നും ജോസ് വിഭാഗം അവകാശവാദവുമായി വന്നാൽ കനത്ത മറുപടി നൽകുകയും ചെയ്യുമെന്ന് എൻസിപി നേതൃത്വം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ചർച്ചകളിൽ മാണി സി കാപ്പൻ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌ഥലം എംഎൽഎയായ തന്നെ പോലും അറിയിക്കാതെ പാലാ മുൻസിപ്പാലിറ്റിയിലെ സീറ്റുകളുമായി ബന്ധപ്പെട്ട് സിപിഎം ജോസ് വിഭാഗവുമായി ഒറ്റക്ക് ചർച്ച നടത്തുന്നതിൽ അതൃപ്‌തിയുണ്ടെന്ന് സിപിഎം നേതൃത്വത്തെ മാണി സി കാപ്പൻ അറിയിച്ചു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യങ്ങളിലെ നിലപാട് വ്യക്‌തമാക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
വെള്ളിയാഴ്‌ച രണ്ട് മണിക്ക് കൊച്ചിയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും. യോഗത്തിന് ശേഷം ഒത്തുതീർപ്പിന് പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന കർശന നിലപാട് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ അറിയിക്കും. തുടർന്ന്, ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം രാഷ്‌ട്രീയ നീക്കങ്ങൾ നടത്താമെന്നാണ് എൻസിപിയുടെ തീരുമാനം.







































