തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൺ ദാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അപകട ശേഷം സംഭവ സ്‌ഥലത്ത് നിന്ന് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
അപകടത്തിൽ അരുൺ ദാസിന്റെ കണ്ണിന്റെ പുരികത്തിൽ ചെറുതായി പരിക്കേറ്റിരുന്നു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ അരുണിനെ നെടുമങ്ങാട് പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. അമിത വേഗതയിൽ ബസ് വെട്ടിച്ചപ്പോൾ മറിഞ്ഞതാണെന്നാണ് അരുൺ ദാസിന്റെ മൊഴി.
ഇയാൾ മദ്യപിച്ചിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കൊടുംവളവിൽ ഇന്നലെ രാത്രി 10.20നാണ് അപകടമുണ്ടായത്. ഒരു സ്‌ത്രീ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന ബസ് കൊടുംവളവിൽ വെച്ച് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. കൂടുതൽ പരിശോധനകൾ ഇന്ന് നടക്കും. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും ബസ് മറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ







































