ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ നെല്ലോർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി. വിയറ്റിന- 19 എന്നുപേരുള്ള പശു, ലോകത്ത് ഏറ്റവും ഉയർന്ന തുകയ്ക്ക് വിൽക്കപ്പെട്ടതിന്റെ പെരുമ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഗിന്നസ് ബുക്കിലും ഇടംനേടിയിരിക്കുകയാണ് വിയറ്റിന- 19.
1101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന- 19ന് നെല്ലോർ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തേക്കാൾ രണ്ടുമടങ്ങ് കൂടുതലാണ്. ഉയർന്ന ഊഷ്ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരി പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യൻസ് ഓഫ് ദ് വേൾഡ് മൽസരത്തിൽ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന-19 സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്ത് നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ‘ബോസ് ഇൻഡിക്കസ്’ എന്നും ഈ പശുക്കൾ അറിയപ്പെടുന്നുണ്ട്. ഇതെങ്ങനെ ബ്രസീലിൽ എത്തി എന്നല്ലേ? 1868ൽ കപ്പൽമാർഗം ബ്രസീലിലെത്തിയ ഒരു ജോഡി ഓങ്കോൾ കന്നുകാലികളിൽ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.
ഈ കന്നുകാലികളുടെ ഉൽഭവം ആന്ധ്രാപ്രദേശിലെ നെല്ലോറിൽ നിന്നാണ്. അതുകൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കൾ എന്ന പേരും നൽകി. 1878ൽ ഹാംബർഗ് മൃഗശാലയിൽ നിന്ന് മറ്റൊരു ജോഡി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു. എന്നിരുന്നാലും, ഇന്ന് ബ്രസീലിലുള്ള നെല്ലോർ പശുക്കൾ 1960ൽ ഇന്ത്യയിൽ നിന്നും കൊണ്ടുപോയവരുടെ പരമ്പരയിൽ പെട്ടതാണ് എന്നാണ് കരുതുന്നത്.
കഴിഞ്ഞ 30 വർഷമായി ബ്രസീലിലെ മികച്ച പശു ഇനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇനമാണ് നെല്ലോർ ഇനം. ഇന്ന് ബ്രസീലിൽ 50 ലക്ഷത്തിലേറെ നെല്ലോർ പശുക്കൾ ഉണ്ടെന്നാണ് കണക്ക്. ഏത് കാലാവസ്ഥയുമായും യോജിച്ച് പോകാനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുമാണത്രേ ഇവയെ ഇത്ര ജനപ്രിയമാക്കുന്നത്.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?






































