കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് വെടിവയ്‌പ്പിൽ മരണം 16 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാൾ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സംഘർഷം നിയന്ത്രിക്കാൻ തലസ്‌ഥാനത്ത് കരസേനയെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചു.
അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുന്നത്. നിലവിൽ കാഠ്‌മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്.
ദേശീയ ഗാനം ആലപിച്ചും ദേശീയ പതാക വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും ആയിരക്കണക്കിന് യുവാക്കളാണ് പാർലമെന്റ് മന്ദിരത്തിന് നേരെ മാർച്ച് നടത്തിയത്. പാർലമെന്റിന് പുറത്തെ നിയന്ത്രിത മേഖലയിലേക്ക് കടക്കും മുൻപ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെ നടത്തിയ വെടിവയ്‌പ്പിലാണ് മരണങ്ങളുണ്ടായത്.
ഈമാസം നാലിനാണ് ഫേസ്ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം, വാട്‌സ് ആപ്, യുട്യൂബ്, ലിങ്ക്ഡ് ഇൻ എന്നിവയടക്കം 26 സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. സാമൂഹിക മാദ്ധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമം അനുസരിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ രജിസ്‌റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്‌തംബർ നാലുവരെ സമയവും നൽകിയിരുന്നു.
ആ സമയപരിധി കഴിഞ്ഞും രജിസ്‌റ്റർ ചെയ്യാതിരുന്ന പ്ളാറ്റുഫോമുകളെയാണ് നിരോധിച്ചത്. അതേസമയം, നേപ്പാളിലെ രാഷ്‌ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വലിയ തോതിൽ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്‌ഥരാക്കിയെന്നും അതിന് തടയിടാനാണ് രജിസ്ട്രേഷന്റെ പേര് പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം








































