നേപ്പാളിൽ പ്രതിഷേധം കനക്കുന്നു; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജിവച്ചു

ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് രാജിക്കത്ത് കൈമാറിയത്.

By Senior Reporter, Malabar News
Nepal Protest Updates
Nepal Protest (Image By: Moneycontrol)
Ajwa Travels

കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്നു. പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്ക് പരിക്കേറ്റു. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുന്നത്.

നിലവിൽ കാഠ്‌മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ റാലികൾ നടക്കുകയാണ്. റാലികൾക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുന്നുണ്ട്. അതിനിടെ, അനിഷ്‌ഠ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചു.

ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ലേഖക് പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് രാജിക്കത്ത് കൈമാറിയത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ലേഖക് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്തത്. കാഠ്‌മണ്ഡു, പൊഖാറ, ബുടാവൽ, ഭൈരഹവ, ഭരത്പൂർ, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കൾ തെരുവിലിറങ്ങിയത്.

ദേശീയ ഗാനം ആലപിച്ചും ദേശീയ പതാക വീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും ആയിരക്കണക്കിന് യുവാക്കളാണ് പാർലമെന്റ് മന്ദിരത്തിന് നേരെ മാർച്ച് നടത്തിയത്. പാർലമെന്റിന് പുറത്തെ നിയന്ത്രിത മേഖലയിലേക്ക് കടക്കും മുൻപ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയായിരുന്നു. കണ്ണീർവാതകം പ്രയോഗിച്ചതിന് പിന്നാലെ നടത്തിയ വെടിവയ്‌പ്പിലാണ് മരണങ്ങളുണ്ടായത്.

ഈമാസം നാലിനാണ് ഫേസ്ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം, വാട്‌സ് ആപ്, യുട്യൂബ്, ലിങ്ക്ഡ് ഇൻ എന്നിവയടക്കം 26 സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. സാമൂഹിക മാദ്ധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമം അനുസരിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ രജിസ്‌റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്‌തംബർ നാലുവരെ സമയവും നൽകിയിരുന്നു.

ആ സമയപരിധി കഴിഞ്ഞും രജിസ്‌റ്റർ ചെയ്യാതിരുന്ന പ്ളാറ്റുഫോമുകളെയാണ് നിരോധിച്ചത്. അതേസമയം, നേപ്പാളിലെ രാഷ്‌ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വലിയ തോതിൽ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്‌ഥരാക്കിയെന്നും അതിന് തടയിടാനാണ് രജിസ്ട്രേഷന്റെ പേര് പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE