കാഠ്‌മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ മുട്ടുമടക്കി സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നേപ്പാൾ സർക്കാർ നീക്കി. നേപ്പാൾ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്‌വി ശുഭ ഗുരുങ് ആണ് ഇക്കാര്യം അറിയിച്ചത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ അഭ്യർഥിച്ചു.
കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സമിതിക്ക് 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. അഴിമതി അവസാനിപ്പിക്കണമെന്നും സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടക്കുന്നത്.
പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. 250ഓളം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം നേരിടാൻ കാഠ്‌മണ്ഡുവിൽ സൈന്യമിറങ്ങി. നിലവിൽ കാഠ്‌മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചിരുന്നു.
ഈമാസം നാലിനാണ് ഫേസ്ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം, വാട്‌സ് ആപ്, യുട്യൂബ്, ലിങ്ക്ഡ് ഇൻ എന്നിവയടക്കം 26 സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. സാമൂഹിക മാദ്ധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമം അനുസരിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ രജിസ്‌റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്‌തംബർ നാലുവരെ സമയവും നൽകിയിരുന്നു.
ആ സമയപരിധി കഴിഞ്ഞും രജിസ്‌റ്റർ ചെയ്യാതിരുന്ന പ്ളാറ്റുഫോമുകളെയാണ് നിരോധിച്ചത്. എന്നാൽ, ടിക്‌ടോക് ഉൾപ്പടെ ചില സാമൂഹിക മാദ്ധ്യമങ്ങൾ രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നുണ്ട്. വ്യാജ വാർത്തകളുടെ വിദ്വേഷ പ്രചാരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങളെ ചട്ടവിധേയമാക്കാനാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള നീക്കമാണെന്നും വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം