പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനു ശേഷം സ്ഥാനമൊഴിയുമെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ജനതാദള്‍ (യുണൈറ്റഡ്) എംഎല്‍എ ഗോപാല്‍ മണ്ഡല്. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.
‘എന്റെ പ്രസ്താവന ആരോ റെക്കോര്‍ഡു ചെയ്ത് എഡിറ്റ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. തേജസ്വി യാദവിന് ഒരിക്കലും ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല,’ ഗോപാല്‍ മണ്ഡല് പറഞ്ഞു.
ഗോപാല്‍ മണ്ഡലും ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം ബുധനാഴ്ച പുറത്തുവന്നിരുന്നു. ഗോപാല്‍ മണ്ഡല് ജാതിപരമായ അധിക്ഷേപം നടത്തുകയാണ് എന്നായിരുന്നു ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നത്. ഓഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചതോടെ ഭാഗല്‍പൂരില്‍ മണ്ഡല് വ്യാഴാഴ്ച പത്രസമ്മേളനം നടത്തുകയും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
ശബ്ദ സന്ദേശത്തിന് പിന്നില്‍ ഇ ശൈലേന്ദ്രയാണെന്ന് പറഞ്ഞ മണ്ഡല് യോഗത്തില്‍ വെച്ച് ആറുമാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവിയില്‍ നിന്നും രാജിവെക്കുമെന്നും തേജസ്വി യാദവ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെയാണ് തന്റെ പ്രസ്താവന നിഷേധിച്ച് ഗോപാല്‍ മണ്ഡല് എംഎല്‍എ രംഗത്തെത്തിയത്.
Read Also: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് തുറക്കും





































