ന്യൂഡൽഹി: രാജ്യത്ത് പുതിയ ഏഴ് റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്‌പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886 കിലോമീറ്റർ), ചെന്നൈ-മൈസൂർ(435 കിലോമീറ്റർ), ഡൽഹി-അമൃത് സർ (459 കിലോമീറ്റർ), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റർ), വാരണാസി-ഹൗറ(760 കിലോമീറ്റർ) എന്നീ ഇടനാഴികളിൽ ഏഴ് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ റൂട്ടുകളുടെയെല്ലാം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്‌പീഡ് റെയിൽവേ കോർപറേഷന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് പൂർത്തിയായാൽ മാത്രമേ ആകെ ചെലവ് എത്രത്തോളമാണെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കൂ എന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ അതിവേഗ ട്രെയിൻ (ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഭൂമി ഏറ്റെടുക്കാൻ വൈകിയതാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നീളുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി.കെ യാദവ് അറിയിച്ചിരുന്നു. ഇതിനു വേണ്ടിയുള്ള സമയപരിധി പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.