കോഴിക്കോട്: കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലക്ക് പുതുതായി അനുവദിച്ച ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിച്ചു. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേർന്നുള്ള ഈ ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് നിർവഹിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ കൂടുതൽ പരിശോധനകളുടെ പ്രാധാന്യം കണക്കിലെടുത്താണ് പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് പുതിയ ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കാൻ തീരുമാനം എടുത്തത് . മലാപ്പറമ്പിലെ ആരോഗ്യവകുപ്പ് പരിശീലന കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബോറട്ടറിയുടെ ആര്.ടി.പി.സി.ആര് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.
ആദ്യഘട്ടത്തിൽ ആലപ്പുഴ വൈറോളജി ലാബിൽ മാത്രമുണ്ടായിരുന്ന പിസിആർ ടെസ്റ്റിനുള്ള സൗകര്യം നിലവിൽ സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടന വേളയിൽ പറഞ്ഞു. സംസ്ഥാനത്ത് 33 കേന്ദ്രങ്ങളിലാണ് കോവിഡ് 19 കണ്ടെത്താനുള്ള ആർടിപിസിആർ പരിശോധന നടത്തുന്നത്. ഇതിൽ 23 സർക്കാർ ലാബുകളും 10 സ്വകാര്യ ലാബുകളുമാണുള്ളത്. ഇതിന് പുറമേ 800ലധികം സർക്കാർ ലാബുകളിലും 300 സ്വകാര്യ ലാബുകളിലും ആന്റിജൻ, ട്രൂനാറ്റ്, എക്സ്പെർട്ട്/സിബിനാറ്റ് പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധന സംവിധാനം വർദ്ധിപ്പിക്കുന്നത് രോഗപ്രതിരോധത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.







































