ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ആം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), സുഹൃത്ത് രാജേഷ് (38) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ രാജേഷിന്റെ വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയെന്നാണ് മൊഴി.
ഇവിടെ കുഴിച്ച് പരിശോധിച്ച പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്ന് പിന്നീട് പറഞ്ഞു. ഇത് രണ്ടും കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.
ചേർത്തലയിലെ പള്ളിപ്പുറം സ്വദേശിനി ആശയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പോലീസിൽ പരാതിപ്പെട്ടത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച ആശ ശനിയാഴ്‌ച കുഞ്ഞുമായിരുന്നു വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, ആശാ പ്രവർത്തകർ വീട്ടിൽ ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല.
കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകിയെന്നായിരുന്നു ആശയുടെ മറുപടി. പിന്നീട് ആശാ പ്രവർത്തകർ അറിയിച്ചത് പ്രകാരം പോലീസ് കേസെടുത്തു. കുഞ്ഞിന്റെ അമ്മയിൽ നിന്നും മൊഴിയെടുത്ത പോലീസ് സുഹൃത്ത് രാജേഷിനെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ മാസം 25നാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26ന് ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30ന് ഡിസ്‌ചാർജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാൽ അന്ന് പോയില്ല. 31നാണ് ആശുപത്രി വിട്ടത്. ഇവർ പ്രസവത്തിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഭർത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാൻ മറ്റൊരാളെയാണ് നിർത്തിയിരുന്നതെന്നും വിവരമുണ്ട്. യുവതിക്ക് രണ്ടു മക്കളുണ്ട്.
Most Read| ഫോൺ സംഭാഷണ വിവാദം; എസ്‌പി സുജിത് ദാസിന് സസ്‌പെൻഷൻ