കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ നടന്നിട്ടുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്‌സിങ് കോളേജ് പ്രിൻസിപ്പലും വിശദീകരണം നൽകണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
അതേസമയം, സംഭവത്തിൽ ഹോസ്‌റ്റൽ അസി. വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇവർ നേരത്തെ നൽകിയ മൊഴികൾ അന്വേഷണം സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികൾ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഹോസ്‌റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തായിരുന്നു റാഗിങ്.
ഡയറക്‌ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നിയോഗിച്ച സംഘം കോളേജിലും ഹോസ്‌റ്റലിലും എത്തി പരിശോധന നടത്തും. നഴ്‌സിങ് എഡ്യൂക്കേഷൻസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് അറസ്‌റ്റിലായത്. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാംവർഷ വിദ്യാർഥികളായ അഞ്ചുപേരെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരുന്നു.
Most Read| വയനാട് ഉരുൾപൊട്ടൽ; 529.50 കോടിയുടെ പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്രം






































