തൃശൂര്‍: വയലി ഫോക്ലോര് സംഘടിപ്പിക്കുന്ന പ്രഥമ നിളാ അന്താരാഷ്ട്ര ഫോക്ലോര് ഫിലിം ഫെസ്റ്റിവൽ (NIFFFI 2020) ഈ മാസം 30ന് ആരംഭിക്കും. നവംബര്‍ 1 വരെയാണ് ഫെസ്റ്റിവൽ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെയും ഫോക്ലോറിനെയും സംബന്ധിച്ചുള്ള 21 ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് 3 ദിവസം നീളുന്ന ഫെസ്റ്റിവൽ നടത്തുന്നത്.
സംവിധായകന് ജയരാജാണ് ഫെസ്റ്റിവൽ ചെയര്മാന്. ലണ്ടനില്‍ നിന്നുള്ള ചരിത്രാന്വേഷകന് റോള്‍ഫ് കില്യുസ്, മ്യൂസിക് മ്യൂസിയം ഓഫ് നേപ്പാള്‍ സ്ഥാപകന്‍ രാം പ്രസാദ് കാഡല്‍ എന്നിവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള നൂറോളം ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 സിനിമകളാണ് ഫെസ്റ്റിവലിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവലില്‍ അവസരം കിട്ടാത്ത ചിത്രങ്ങള്‍ എല്ലാം വരും മാസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് ഫെസ്റ്റിവൽ അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ ദേശമംഗലം ആറങ്ങോട്ടുകര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വയലി ഫോക്ലോര് സംഘടന, നാട്ടറിവ് മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നുണ്ട്. സംഘടനയുടെ നേതൃത്വത്തിലുള്ള ബാംബു മ്യൂസിക് ബാന്‍ഡും പ്രസിദ്ധമാണ്.
Read also: എഞ്ചിനീയറിങ് കോളേജുകളിൽ സംവരണ അട്ടിമറി; ഉദ്യോഗസ്ഥരുടെ പിഴവെന്ന് മന്ത്രി കെ.ടി ജലീൽ







































