മഴയിലും കളറായി കൊട്ടിക്കലാശം, ആഘോഷതിമർപ്പിൽ നിലമ്പൂർ; ഇനി നിശബ്‌ദ പ്രചാരണം

അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികൾ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ചത്.

By Senior Reporter, Malabar News
Nilambur By Election 2025
നിലമ്പൂരിലെ കലാശക്കൊട്ട്
Ajwa Travels

നിലമ്പൂർ: ആവേശം ഒട്ടും ചോരാതെ, കനത്ത മഴയിലും കൊട്ടിക്കയറി പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം. അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികൾ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ചത്. വൈകീട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന നഗരങ്ങളിൽ വൈകീട്ട് മൂന്നോടെ തന്നെ പ്രവർത്തകർ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി.

തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങൾ അനൗൺസ് ചെയ്‌തും, തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചും വിവിധ കക്ഷികളുടെ ചിഹ്‌നമുള്ള തൊപ്പികളും വസ്‌ത്രങ്ങളും ധരിച്ചും ഇതുവരെ നഗരം ഇതുവരെ കാണാത്ത ആഘോഷപൂരത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഉച്ചയ്‌ക്ക് ഒരുമണിക്ക് വഴക്കടവ് നിന്ന് റോഡ് ഷോ ആയാണ് നിലമ്പൂരിലേക്ക് എത്തിയത്.

വൈകീട്ട് നാലുമണിയോടെ നിലമ്പൂർ നഗരത്തിലേക്ക് പ്രവേശിച്ച ഷൗക്കത്തിന് ആവേശം നിറഞ്ഞ വരവേൽപ്പാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. നിലമ്പൂരിൽ സിഎൻജി റോഡിൽ ഗവ. സ്‌കൂൾ മുതൽ അർബൻ ബാങ്ക് വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്. ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, ഷാഫി പറമ്പിൽ എംപി, യുഡിഎഫ് എംഎൽഎമാർ തുടങ്ങിയവർ അണിചേർന്നു.

എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന്റെ കലാശക്കൊട്ട് റോഡ് ഷോ രാവിലെ മരുതയിൽ നിന്നാണ് ആരംഭിച്ചത്. വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, പാലേങ്കര, കരുളായി, മയിലുംപാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാംമൈൽ, ഉപ്പുവള്ളി, ചേലോട്, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്നാണ് റോഡ് ഷോ കലാശക്കൊട്ടിനായി നിലമ്പൂർ നഗരത്തിലെത്തിയത്.

വിവിധ സ്‌ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയുള്ള റോഡ് ഷോ നടന്നത്. മഹാറാണി ജങ്ഷൻ മുതൽ നിലമ്പൂർ സ്‌റ്റേഷൻപടി വരെയായിരുന്നു എൽഡിഎഫിന്റെ കലാശക്കൊട്ട്. ഹോസ്‌പിറ്റൽ റോഡ് ജങ്ഷൻ മുതലായിരുന്നു എൻഡിഎ പ്രവർത്തകരുടെ കലാശക്കൊട്ട്. എടക്കരയിൽ വോട്ടുറപ്പിക്കാൻ ഭവന സന്ദർശനങ്ങൾ നടത്തിയ ശേഷമാണ് എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ് കലാശക്കൊട്ടിൽ പ്രവർത്തകർ ഒരുക്കിയ ആവേശകൂട്ടായ്‌മയിൽ പങ്കുചേരാൻ എത്തിയത്.

നിലമ്പൂർ ചന്തക്കുന്ന് ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് കലാശക്കൊട്ടിനായി സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവറിന് സ്‌ഥലം നിശ്‌ചയിച്ച് നൽകിയെങ്കിലും രാവിലെ സാമൂഹിക മാദ്ധ്യമത്തിൽ പുറത്തുവിട്ട കുറിപ്പിൽ കലാശക്കൊട്ടിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അൻവർ അറിയിച്ചിരുന്നു. ഭവന സന്ദർശങ്ങളിലൂടെയും മറ്റും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ പിവി അൻവറിനൊപ്പമുള്ള പ്രവർത്തകർ.

രണ്ടാഴ്‌ചയിലേറെ നീണ്ടുനിന്ന ഹൈ വോൾട്ടേജ് പ്രചാരണം കടുത്ത മൽസരമെന്ന പ്രതീതി ഉയർത്തിയാണ് കൊടിയിറങ്ങിയത്. പ്രചാരണ കാലയളവിലുടനീളം മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനമായ 19ന് ഗ്രീൻ അലർട് പ്രഖ്യാപിച്ചത് പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ സ്‌ഥാനാർഥികൾക്കും ഉണ്ടായിരുന്നു. 23ന് വോട്ടെണ്ണുന്നതോടെ നിലമ്പൂരിന്റെ മനസിലിരിപ്പ് എന്താണെന്ന് വെളിപ്പെടും.

Most Read| ന്യൂനമർദ്ദം; സംസ്‌ഥാനത്ത്‌ കനത്തമഴ തുടരും, കാറ്റിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE