ന്യൂഡെൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇത് സംബന്ധിച്ച വിജ്‌ഞാപനം നാളെ നിലവിൽ വരും. ജൂൺ രണ്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
ഇടതു സ്വതന്ത്രനായി വിജയിച്ച പിവി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ഗുജറാത്തിലെ കഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്‌റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ 5 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എത്രയുംവേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പിവി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. എൽഡിഎഫ്-യുഡിഎഫ് പോരാട്ടത്തിനപ്പുറം അൻവറിന്റെ രാഷ്‌ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് വരുന്നത്. നിലമ്പൂർ ഉൾപ്പടെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിജ്‌ഞാപനം ഇറക്കിയിരുന്നു.
എട്ടിടത്തും അന്തിമ വോട്ടർപട്ടികയും തയ്യാറാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അഞ്ചിടത്ത് മാത്രമാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കശ്‌മീരിലെ നഗ്രോട്ട, ബുദ്ഗാം, മണിപ്പൂരിലെ തദുബി എന്നീ മണ്ഡലങ്ങളായിരുന്നു ബാക്കിയുള്ളവ.
കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരുവർഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണ് പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻവർ നേരത്തെ പറഞ്ഞിരുന്നു. നിയമസഭയ്‌ക്ക് ഒരുവർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ നിർബന്ധമായും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
Most Read| വലതുകൈ നഷ്‌ടപ്പെട്ടിട്ടും തളരാതെ പാർവതി; ഇടംകൈ ആയുധമാക്കി അസി.കലക്‌ടറായി







































