മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മൽസര ചിത്രം തെളിഞ്ഞു. പത്ത് സ്‌ഥാനാർഥികളാണ് നിലമ്പൂരിൽ മൽസരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പിവി അൻവർ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ പത്രികയാണ് സ്വീകരിച്ചത്. അൻവറിന് കത്രിക ചിഹ്‌നവും അനുവദിച്ചു.
നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയുടെ പത്രികയും നിരസിച്ചു. അൻവർ സാദത്ത് സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിച്ചു. എസ്‌ഡിപിഐ സ്‌ഥാനാർഥി സാദിഖ് നടുത്തൊടി നൽകിയ മൂന്ന് പത്രികകളിൽ ഒന്ന് തള്ളി. പെരിന്തൽമണ്ണ സബ് കലക്‌ടർ കൂടിയായ വരണാധികാരി അപൂർവ ത്രിപാഠിയാണ് പത്രികകളുടെ സൂക്ഷ്‌മപരിശോധന നടത്തിയത്.
തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും വ്യക്‌തമാക്കിയാണ് തൃണമൂൽ കോൺഗ്രസിൽ മൽസരിക്കാനുള്ള അൻവറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്‌നം അനുവദിക്കണമെങ്കിൽ പത്രിക സമർപ്പിക്കുന്നതിന് മൂന്ന് ദിവസം മുൻപ് നേതൃത്വത്തിന്റെ കത്ത് ഹാജരാക്കണം. പത്രിക സമർപ്പിച്ച രണ്ടിനാണ് അൻവർ കത്ത് നൽകിയത്.
പത്രികയിൽ പത്ത് വോട്ടർമാർ നാമനിർദ്ദേശം നൽകിയിരുന്നെങ്കിൽ പാർട്ടി പിന്തുണയുള്ള സ്വതന്ത്രനെന്ന നിലയിൽ സ്വീകരിക്കുമായിരുന്നു. എന്നാൽ, അൻവറിന്റെ പത്രികയിൽ ഒരാൾ മാത്രമാണ് നാമനിർദ്ദേശം ചെയ്‌ത് ഒപ്പുവെച്ചത്. ഈ മാസം 19നാണ് തിരഞ്ഞെടുപ്പ്. അൻവർ രാജിവെച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്‌ഥാനാർഥിയായി എം സ്വരാജ് ബിജെപി സ്‌ഥാനാർഥിയായ മോഹൻ ജോർജ് എന്നിവരാണ് മൽസരരംഗത്തുള്ളവർ.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം







































