മലപ്പുറം: നിലമ്പൂരിൽ മൽസരചിത്രം തെളിഞ്ഞതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഇതിനകം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. വൈകീട്ട് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിവി അൻവർ എന്നിവർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 10.30ന് പ്രകടനമായെത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. സ്ഥാനാർഥിയുടെ വാഹനപര്യടനം മേഖലയിൽ തുടരുകയാണ്.
ഇന്നത്തെ വാഹനപര്യടനം രാവിലെ എട്ടിന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നാണ് ആരംഭിക്കുക. ഉച്ചയ്ക്ക് മൂന്നിന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും നഗരസഭയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കൺവെൻഷനുകളും എൽഡിഎഫ് സംഘടിപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്ക് 12ന് നിലമ്പൂർ ജ്യോതിപ്പടിയിൽ നിന്നും പ്രകടനമായി എത്തി 1.30നാണ് എൻഡിഎ സ്ഥാനാർഥി ഡി. മോഹൻ ജോർജ് പത്രിക സമർപ്പിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിക്കും.
നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തിയാണ് പിവി അൻവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. നിലമ്പൂർ ചന്തക്കുന്നിൽ നിന്നും പത്തുമണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. അൻവർ കൂടി മൽസരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!