മലപ്പുറം: നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആറ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 5612 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് രണ്ടാമതും സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ മൂന്നാമതുമുണ്ട്. വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നു.
ഇരു മുന്നണികളും പ്രതീക്ഷിച്ചതിനേക്കാൾ വോട്ടുകൾ അൻവർ പിടിക്കുന്നുണ്ട്. യുഡിഎഫ് പ്രതീക്ഷിച്ച വോട്ടുകളിൽ ചോർച്ചയുണ്ടായി. വഴിക്കടവ്, മൂത്തേടം എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
അതീവ സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം.263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ്, എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പിവി അൻവർ എന്നിവർ ഉൾപ്പടെ ആകെ 10 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 75.27% പോളിങ്ങാണ് മണ്ഡലത്തിൽ അന്തിമമായി രേഖപ്പെടുത്തിയത്.
Most Read| യുഎസ് ആക്രമണത്തിന് മുൻപ് യുറേനിയം മാറ്റി ഇറാൻ; അയവില്ലാതെ സംഘർഷം