മലപ്പുറം: നിലമ്പൂരിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ തകർക്കുകയാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ് ആദ്യം പത്രിക സമർപ്പിച്ചത്. സ്വരാജും അൻവറും മോഹൻ ജോർജും ഇന്നലെയും പത്രിക സമർപ്പിച്ചു.
നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് രാഷ്‌ട്രീയ മൽസരമെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നതെങ്കിലും എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയുടെ ലേബലിൽ മൽസരിക്കുന്ന പിവി അൻവറും സജീവമായി രംഗത്തുണ്ട്. അതിനിടെ, ആര്യാടൻ ഷൗക്കത്ത് ഇന്ന് പഞ്ചായത്തുതല പ്രചാരണ പരിപാടികളിലേക്ക് കടക്കും.
രാവിലെ 8.30ന് പോത്തുകൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ട് അബ്ബാസലി ശിഹാബ് തങ്ങളാണ് പര്യടനം ഉൽഘാടനം ചെയ്‌തത്. കഴിഞ്ഞദിവസം മണ്ഡലത്തിൽ സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷനിൽ നിന്നും അബ്ബാസ് അലി തങ്ങൾ വിട്ടുനിന്നിരുന്നു. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ടാണ് ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്.
എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിന്റെ മണ്ഡല പര്യടനവും തുടരുകയാണ്. പ്രചാരണത്തിനായി മന്ത്രിമാരടക്കം മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും വീണ്ടും പ്രചാരണത്തിനായി നിലമ്പൂരിൽ എത്തും. അതേസമയം, മണ്ഡലത്തിൽ തങ്ങളുടെ അടിസ്‌ഥാന വോട്ട് നിലനിർത്തുന്നതിനൊപ്പം ക്രൈസ്‌തവ വോട്ട് നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!