മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. വോട്ടെടുപ്പിന് ഇനി വെറും എട്ടുദിവസം ശേഷിക്കെ, പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും പുറത്തെടുത്താണ് മുന്നണികളുടെ മുന്നേറ്റം.
പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ കുടുംബയോഗങ്ങൾ സജീവമാക്കിയാണ് മുന്നണികളുടെ വോട്ടുപിടിത്തം. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജിനായി മന്ത്രിപ്പട തന്നെ നിലമ്പൂരിലുണ്ട്. 11 മന്ത്രിമാരാണ് ഇന്നലെ പ്രചാരണത്തിനെത്തിയത്. സ്വരാജിനെ പിന്തുണച്ച് എഴുത്തുകാർ, കലാകാരൻമാർ എന്നിവരുടെ സംഗമവും ഇന്ന് നടക്കുന്നുണ്ട്. വൈകീട്ട് മൂന്നിനാണ് സംഗമം. 100 പേർ പങ്കെടുക്കുമെന്നാണ് സംഘാടക സമിതി അറിയിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. വോട്ട് വർധന ലക്ഷ്യംവെച്ചാണ് ബിജെപിയുടെ പ്രചാരണം. പിഡിപി, വെൽഫെയർ പാർട്ടികളുടെ പിന്തുണ, വന്യജീവി ആക്രമണം, ഇടതുപാളയം വിട്ട പിവി അൻവറിന്റെ ചുവടുമാറ്റവുമെല്ലാം തിരഞ്ഞടുപ്പിലെ പ്രധാന വിഷയങ്ങളാണ്.
വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്‌തമാക്കിയതോടെയാണ് ആരോപണ, പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും കൊമ്പുകോർത്തത്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ഇരു മുന്നണികളും വർഗീയ ശക്‌തികൾക്ക് പിന്നാലെ പോകുന്നുവെന്നാണ് ആരോപണം. പിഡിപി പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും പഴയ വർഗീയ നിലപാടോ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്‌ട്രവാദമോ അവർക്കില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്‌തമാക്കിയിരുന്നു.
ഇതിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് പിന്തുണ നൽകുമ്പോൾ അവരെ മതനിരപേക്ഷവാദികളും യുഡിഎഫിനെ പിന്തുണയ്‌ക്കുമ്പോൾ വർഗീയവാദികളുമാക്കുന്നത് ഇടതുമുന്നണിയുടെ സ്‌ഥിരം പരിപാടി ആണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതരാഷ്‌ട്രവാദം ഉന്നയിക്കുന്നില്ലെന്നും അവരുടെ സമീപനത്തിൽ മാറ്റം വന്നതായും സതീശൻ വ്യക്‌തമാക്കി.
ഈ മാസം 19നാണ് തിരഞ്ഞെടുപ്പ്. അൻവർ രാജിവെച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ്. അൻവറിന്റെ നിലനിൽപ്പിനുള്ള പോരാട്ടം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. 2021ലെ തിരഞ്ഞെടുപ്പിൽ 2700 വോട്ടിനാണ് പിവി അൻവർ നിലമ്പൂരിൽ ജയിച്ചത്. 81,277 വോട്ട് നേടി. 2016ൽ ഒപ്പോഴത്തെ യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടിനാണ് അൻവർ തോൽപ്പിച്ചത്. 77,858 വോട്ട് നേടി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!