മലപ്പുറം: സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ തൃണമൂൽ കോൺഗ്രസിന് അസോഷ്യേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പിവി അൻവർ. അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ നിലപാട്.
നിലമ്പൂരിലെ കോൺഗ്രസ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നിലപാട് തിരുത്തി പിവി അൻവർ പൂർണ പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ഉയർന്നുവന്ന പൊതുഅഭിപ്രായം. സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അസോഷ്യേറ്റ് അംഗത്വം നൽകും. പിന്തുണയില്ലെങ്കിൽ അംഗത്വം ഉണ്ടാകില്ല. നിലവിൽ അസോഷ്യേറ്റ് അംഗത്വം നൽകാൻ മാത്രമേ കഴിയൂ എന്നും ഘടകകക്ഷി ആക്കാനാവില്ലെന്നും യോഗം തീരുമാനിച്ചു.
ഇക്കാര്യം മുന്നണി കൺവീനർ അടൂർ പ്രകാശ് അൻവറിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെയാണ് നിർദ്ദേശം തള്ളി അൻവർ രംഗത്തെത്തിയത്. ഇതോടെ, അൻവർ കോൺഗ്രസിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ്. അതിനിടെ, സ്‌ഥാനാർഥിക്കെതിരായ പരാമർശങ്ങൾ അൻവർ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടൂർ പ്രകാശ് മാദ്ധ്യങ്ങളോട് പ്രതികരിച്ചു.
അൻവർ യുഡിഎഫ് സ്‌ഥാനാർഥിക്കെതിരായി സംസാരിച്ചു. പരാമർശം ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. അൻവർ പരാമർശം പിൻവലിച്ചാൽ യുഡിഎഫ് അസോഷ്യേറ്റ് അംഗമാകാം. അക്കാര്യം അൻവറിനെ ഫോണിൽ വിളിച്ചറിയിച്ചു. യുഡിഎഫുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശങ്ങൾ പിൻവലിക്കാതെ പിവി അൻവറുമായി അനുനയത്തിനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഡിഎഫ്. കോൺഗ്രസിൽ നിന്ന് മാന്യമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഒറ്റയ്‌ക്ക് മൽസരിക്കാനാണ് തൃണമൂൽ കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്. അസോഷ്യേറ്റ് പാർട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാൽ, മുന്നണിയുമായി സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല.
Most Read| കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്