
മലപ്പുറം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിനുള്ള എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായതായും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ വിആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ എട്ടുമണിമുതൽ ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുക. 7.30ന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. എട്ടുമണിക്ക് ആദ്യം പോസ്‌റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 8.10ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും.
14 വീതം ബൂത്തുകളിലെ വോട്ടുകളാണ് ഓരോ റൗണ്ടിലും എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ച് പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് സ്ളിപ്പുകൾ പ്രത്യേകം സജ്‌ജീകരിച്ച വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
25 മൈക്രോ ഒബ്‌സർവർമാർ, 24 കൗണ്ടിങ് സൂപ്പർവൈസർമാർ, 30 കൗണ്ടിങ് അസിസ്‌റ്റന്റുമാർ, ഏഴ് അസി. റിട്ടേണിങ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്‌ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും കൗണ്ടിങ് സെന്ററിൽ പ്രവർത്തിക്കും.

പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ നടപടികൾ. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പോലീസിന്റെയും ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 900 പോലീസുകാരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ കമ്മീഷൻ നിരീക്ഷകരും വരണാധികാരിയും വോട്ടെണ്ണൽ നടപടികൾക്ക് മേൽനോട്ടം വഹിക്കും. അതേസമയം, വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
നിലമ്പൂർ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ സി. ബിജു, വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്‌ടർ അപൂർവ ത്രിപാഠി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, പെരിന്തൽമണ്ണ തഹസിൽദാർ ടി. ജയശ്രീ, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവർ പങ്കെടുത്തു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം