മലപ്പുറം: നിലമ്പൂരിൽ ജനം വിധിയെഴുതുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. കനത്ത മഴ മണ്ഡലത്തിൽ ഉണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല. ആദ്യ അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ പോളിങ് നാലുശതമാനം പിന്നിട്ടു.
അതിനിടെ, വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ 22ആം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതോടെ ചില വോട്ടർമാർ മടങ്ങിപ്പോയി. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലും യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്‌കൂളിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്ന് എം സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്‌മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്‌മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മൽസരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.
പത്തുപേരാണ് മൽസരരംഗത്തുള്ളത്. ബിജെപി സ്‌ഥാനാർഥിയായി അഡ്വ. മോഹൻ ജോർജാണ് മൽസരിക്കുന്നത്. മുൻ എംഎൽഎയായിരുന്ന പിവി അൻവർ സ്വതന്ത്ര സ്‌ഥാനാർഥിയായും മൽസരിക്കുന്നുണ്ട്. അഡ്വ. സാദിക് നടുത്തൊടി (എസ്‌ഡിപിഐ), എൻ. ജയരാജൻ (സ്വത), പി. രാധാകൃഷ്‌ണൻ നമ്പൂതിരിപ്പാട് (സ്വത), വിജയൻ (സ്വത), സതീഷ് കുമാർ ജി (സ്വത), ഹരിനാരായണൻ (സ്വത).
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!