മലപ്പുറം: വീറും വാശിയുമേറിയ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ ജനത വിധിയെഴുതി. കനത്ത മഴയെ വകവെയ്‌ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.
നിലമ്പൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024ൽ തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46% എന്നിങ്ങനെയായിരുന്നു വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
നിലമ്പൂരിൽ ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി മൂന്നുനാൾ കാത്തിരിക്കണം. ജൂൺ 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കുക. എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലും യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്‌കൂളിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്ന് എം സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്‌മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്‌മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മൽസരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.
മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലാണ് എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ വളരെ നല്ല പ്രതീക്ഷയാണ് ഉള്ളതെന്ന് മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. അതിനിടെ, പോളിങ് ബൂത്തുകളിൽ നേർക്കുനേരെയെത്തിയ എം സ്വരാജും ആര്യാടൻ ഷൗക്കത്തും പരസ്‌പരം ആലിംഗനം ചെയ്‌തു.
അതേസമയം, സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ ആര്യാടൻ ഷൗക്കത്തിനെ ആലിംഗനം ചെയ്യാനെത്തിയതും അദ്ദേഹം തിരിഞ്ഞുനടന്നതും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ കാഴ്‌ചയായി. അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് രേഖപ്പെടുത്തി. എടക്കര ജിഎച്ച്എസ്എസ് സ്‌കൂളിലായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്. പിണറായി സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ