മലപ്പുറം: മഴയിലും നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിങ് 21% പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23% മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.
263 പോളിങ് ബൂത്തുകളിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൽ വിധിയെഴുതുന്നത്. വോട്ടർമാരിൽ 1,13,613 പുരുഷൻമാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‍ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് ഉള്ളത്. 7 മേഖലകളിലായി 11 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷയാണ് ഒരുക്കിയത്.
എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലും യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്‌കൂളിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്ന് എം സ്വരാജ് പറഞ്ഞു. നാട് പകർന്നു നൽകിയ ആത്‌മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്‌മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് പറഞ്ഞു.
ചരിത്ര ഭൂരിപക്ഷമാകും ലഭിക്കുകയെന്ന് ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മൽസരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലാണ് എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ വളരെ നല്ല പ്രതീക്ഷയാണ് ഉള്ളതെന്ന് മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.
Most Read| എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്‌സ് മെട്രെവെലി?