മലപ്പുറം: നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗ് ഇന്നലെ രാത്രി 11 മണിയോടെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചതാണ് വിവാദമായത്. ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. നിലമ്പൂരിലെ പ്രചാരണം കഴിഞ്ഞു മടങ്ങവെയാണ് പോലീസ് വാഹനം തടഞ്ഞ് പെട്ടി തുറന്ന് പരിശോധിച്ചത്.
മുൻപ്, പാലക്കാട് ഉപതിരഞ്ഞെടുപ്പിലും സമാന സംഭവം നടന്നിരുന്നു. അന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ കൈയിലുള്ള നീല പെട്ടിയെ ചൊല്ലിയായിരുന്നു വിവാദം. പോലീസിനോട് വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിലാണ് പറഞ്ഞത്. തങ്ങൾ പെട്ടെന്ന് എംപിമാരായും എംഎൽഎമാരായും പൊട്ടി മുളച്ചതല്ലെന്ന് ഷാഫി പറമ്പിൽ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആസൂത്രിതമായ സംഭവമാണിതെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ചീറ്റിപ്പോയ അടവാണിത്. സർക്കാരിന്റെ ഒത്താശയോടെ ചെയ്‌തതാണ്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പരിശോധിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Most Read| ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; എയർ ഇന്ത്യക്ക് നിർദ്ദേശം







































