കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ അനുകൂലമാണെന്നാണ് വിവരം.
യെമനിലെ പ്രമുഖ പണ്ഡിതനും സൂഫിയുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചതെന്നാണ് റിപ്പോർട്. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്.
ഇന്ന് തലാലിന്റെ കുടുംബവുമായുള്ള ചർച്ച പുനരാരംഭിക്കും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്‌റ്റേറ്റ് കോടതി ചീഫ് ജസ്‌റ്റിസും യെമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്‌തി, ഹബീബ് ഉമറിന്റെ നിർദ്ദേശപ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദാമാറിൽ എത്തിയിട്ടുണ്ട്.
ഇദ്ദേഹം ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനുമാണ് എന്നകാര്യം വലിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹം തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്‌ച നടത്തി നാളെ നടത്താൻ നിശ്‌ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിനുള്ള ഇടപെടലും നടത്തും.
കുടുംബങ്ങൾക്ക് പുറമേ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശവാസികൾക്കിടയിലും വളരെ വൈകാരികമായ ഒരു കൊലപാതകം കൂടിയാണിത്. അതുകൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്നുണ്ടായ ഹബീബ് ഉമർ ബിൻ ഹഫീളിന്റെ നിർദ്ദേശം തലാലിന്റെ കുടുംബം മാനിക്കുകയായിരുന്നു.
ഇന്നത്തെ ചർച്ചയിൽ ദയാധനം സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ കഴിയുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!