സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ളിക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു. വധശിക്ഷയ്‌ക്കുള്ള ഉത്തരവ് ജയിലിൽ എത്തിയിട്ടുണ്ട്. ഇക്കാര്യം നിമിഷപ്രിയയെയും യെമനിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചിട്ടുണ്ട്.
അതേസമയം, വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനയിലുള്ള തലാലിന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തലാലിന്റെ കുടുംബം ഏകദേശം പത്തുകോടി ഡോളർ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി നടക്കുന്ന ചർച്ചയിൽ നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറായാൽ മാത്രമേ മോചനത്തിന് വഴിയൊരുങ്ങൂ. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ കഴിയുന്നത്.
ഹൂതികളുമായി ബന്ധമുള്ള ഇറാൻ സർക്കാരുമായി ചർച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെങ്കിലും ഇക്കാര്യത്തിലും തുടർനീക്കങ്ങൾ ഉണ്ടായില്ല. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ, ഈ ചർച്ചയ്‌ക്ക് എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ചും ഇതുവരെ വ്യക്‌തത വന്നിട്ടില്ല.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. 2024 ഏപ്രിലിലാണ് പ്രേമകുമാരി സനയിലെത്തിയത്. ഇവർ ജയിലിലെത്തി 11 വർഷത്തിന് ശേഷം മകളെ കണ്ടിരുന്നു. സ്വാധീനമുള്ള വ്യക്‌തികളെ ഉപയോഗിച്ച് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താനാണ് സാമുവൽ ജെറോമിനോപ്പം പ്രേമകുമാരി സനയിൽ എത്തിയതെങ്കിലും ഈ ചർച്ചയും കാര്യമായി മുന്നോട്ടുപോയിരുന്നില്ല.
തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. 2017 ജൂലൈ 25നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!