സന: നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്ന് പിന്നോട്ടില്ലാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരുതരത്തിലുമുള്ള മധ്യസ്‌ഥതയ്‌ക്കും തയ്യാറല്ലെന്നും തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി പറഞ്ഞു.
ദയാധനം സ്വീകരിക്കുന്നതിന് തയ്യാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ വ്യക്‌തമാക്കി. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവെച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. നിമിഷപ്രിയയുടെ മോചന സാധ്യതകൾക്കും മധ്യസ്‌ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ കുടുംബത്തിന്റെ പുതിയ നീക്കം.
നേരത്തെ, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പങ്കുവെച്ചിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രം അത് തള്ളിയിരുന്നു. ഇതിന് പിന്നാലെ, പ്രതിബന്ധങ്ങൾ എത്ര നീണ്ടതായാലും എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചിരുന്നു.
കഴിഞ്ഞ മാസം 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് മതപണ്ഡിതൻമാർ ഉൾപ്പെട്ട ചർച്ചയിലാണ് വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചതെന്നാണ് വിവരം. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി