കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. യെമനിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇതിനെ തുടർന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രതിനിധികളായി കെആർ സുഭാഷ് ചന്ദ്രൻ, എൻകെ കുഞ്ഞമ്മദ് കൂരാച്ചുണ്ട്, സജീവ് കുമാർ എന്നിവരെയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധികളായി ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയും ഉൾപ്പെടുത്തി മധ്യസ്‌ഥ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടത്.
സംസ്‌ഥാന ഹജ് കമ്മിറ്റി ചെയർമാനാണ് ഹുസൈൻ സഖാഫി. ഇസ്‌ലാം പണ്ഡിതനും യെമൻ വിദഗ്‌ധനുമാണ് ഹാമിദ്. രണ്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി യെമനിൽ ദയധനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കേന്ദ്രത്തെ സമീപിക്കാൻ അനുമതി നൽകിയത്.
എന്നാൽ, പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സമഗ്ര സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമായിരിക്കുമെന്നാണ് സൂചന. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| പ്രധാനമന്ത്രിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കും