ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നത്. മോചനത്തിന് വേണ്ടി പരമാവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്ന് പറഞ്ഞ സുപ്രീം കോടതി, കേസ് നിരീക്ഷിച്ചുവരികയാണെന്നും തങ്ങൾക്ക് ഒരു നിർദ്ദേശം ഇപ്പോൾ നൽകാനാവില്ലെന്നും വ്യക്‌തമാക്കി.
ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. നിമിഷപ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷപ്രിയയ്‌ക്ക് മുന്നിലുള്ള ഏക വഴി. അതിവേഗം ഇടപെടാൻ ഇന്ത്യൻ സർക്കാരിനോട് നിമിഷ അഭ്യർഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ രക്ഷിക്കപ്പെടുമെന്ന് അവർക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രവർത്തകൻ ബാബു ജോൺ പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായി
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. കേന്ദ്ര സർക്കാർ അടിയന്തിര നയതന്ത്ര ചർച്ചകൾ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി ഇടപെടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ കഴിയുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.
Most Read| ക്യാമ്പുകൾക്ക് നേരെ ആക്രമണമെന്ന് ഉൾഫ-ഐ; നിഷേധിച്ച് ഇന്ത്യ