കൊട്ടിയൂർ: ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്. ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് മാതാപിതാക്കൾക്ക്. കളിചിരികളുമായി കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് നിറഞ്ഞ മനസോടെ നോക്കിനിൽക്കുകയാണ് കൊട്ടിയൂരിലെ പോടൂർ സ്വദേശി സന്തോഷും ഭാര്യ രമ്യയും. അടുത്ത വർഷംമുതൽ ഇങ്ങനെ ഒരു കാഴ്‌ച ഉണ്ടാവില്ലല്ലോ എന്ന ചെറിയ സങ്കടവും ഇവർക്കുണ്ട്.
മൂത്ത മകൾ ഈവർഷം പ്ളസ് ടു പൂർത്തിയാകുന്നതോടെ സ്‌കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നരമാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്‌ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്‌നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ളെറിനും അതേ സ്‌കൂളിലെ പത്ത്, എട്ട് ക്ളാസുകളിലെ വിദ്യാർഥിനികളാണ്.
അതിന് താഴെയുള്ളവരായ അസിൻ തെരേസ് ആറിലും, ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ളാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്തുള്ള തലക്കാണി ഗവ. യുപി സ്‌കൂളിലാണ് ഇവർ നാലുപേരും പഠിക്കുന്നത്. ഇവരുടെ ഇരട്ട സഹോദരിമാരായ ജിയോവാന മരിയയും ജിയന്ന ജോസ്‌ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും.
ഇവരുടെ ഏറ്റവും ഇളയ സഹോദരിയാണ് മൂന്ന് മാസം മാത്രം പ്രായമുള്ള അന്ന റോസ്‌ലിയ. തന്റെ ചെറുപ്പത്തിലെ സ്‌കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് സന്തോഷും രമ്യയും പറയുന്നു. മക്കൾ എല്ലാവരെയും പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. വ്യാപാര സ്‌ഥാപന ഉടമയാണ് സന്തോഷ്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!