കൊച്ചി: പ്രാർഥനയ്ക്ക് പ്രത്യേക മുറി അനുവദിക്കണമെന്ന ഏതാനും വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് മൂവാറ്റുപുഴ നിർമല കോളേജ് മാനേജ്മെന്റ്. പ്രാർഥനയ്ക്ക് പ്രത്യേക മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകുകയും ഒരുകൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മാനേജ്മെന്റിന്റെ തീരുമാനം.
മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളേജ് ഉയർന്ന മതനിരപേക്ഷ മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്ന സ്ഥാപനമാണെന്നും, മുന്നോട്ടും ഇത് തുടരണമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. വിദ്യാർഥികളുടെ അച്ചടക്ക ലംഘനം പരിശോധിച്ച്, വീഴ്ച വരുത്തിയ വിദ്യാർഥികൾക്ക് എതിരെ കോളേജിലെ അച്ചടക്ക സമിതി നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
അതേസമയം, മാനേജ്മെന്റിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹല്ലുകളുടെ സംയുക്ത പ്രതിനിധി സംഘം രംഗത്തെത്തി. ഈ ആവശ്യത്തിന്റെ പേരിൽ നടന്ന സമരവുമായി സംഘടനക്ക് ബന്ധമില്ലെന്ന് എസ്എഫ്ഐയും പ്രാർഥനാ മുറിക്ക് വേണ്ടിയുള്ള സമരം അപക്വമെന്ന് മുസ്ലിം യൂത്ത് ലീഗും വ്യക്തമാക്കി.
സാമുദായിക- രാഷ്ട്രീയ സംഘടനകൾ, അധ്യാപക-രക്ഷാകർതൃ സമിതി, വൈദിക- അൽമായ പ്രതിനിധികൾ, മറ്റു മത നേതാക്കൾ എന്നിവരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇവരിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് മാനേജ്മെന്റ് നന്ദി അറിയിച്ചു. പ്രാർഥനയ്ക്ക് സ്ഥലം ചോദിച്ച് ഏതാനും വിദ്യാർഥികൾ നടത്തിയ സമരം അംഗീകരിക്കുന്നില്ലെന്നാണ് മഹല്ലുകളുടെ സംയുക്ത പ്രതിനിധി സംഘത്തിന്റെ
നിലപാട്.
അറിവില്ലായ്മ മൂലം വിദ്യാർഥികൾ ഉണ്ടാക്കിയ സംഭവങ്ങളിൽ അവർ ഖേദവും പ്രകടിപ്പിച്ചു. മൂവാറ്റുപുഴയിലെ മുസ്ലിം ജമാഅത്തുകളിലിലെ നായക സ്ഥാനത്തുള്ള സെൻട്രൽ മഹല്ല് ചീഫ് ഇമാം ഷിഹാബുദ്ദീൻ ഫൈസി, പേട്ട മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം കാഞ്ഞാർ നിസാർ മൗലവി, ജമാഅത്ത് പ്രസിഡണ്ടുമാരായ പിഎം അബ്ദുൽ സലാം, കെഎം സെയ്തു മുഹമ്മദ് റാവുത്തർ, പിഎസ്എ ലത്തീഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രാർഥനാ മുറിക്ക് വേണ്ടിയുള്ള സമരം അപക്വമെന്ന് മുസ്ലിം യൂത്ത് ലീഗ് വ്യക്തമാക്കി. മതബോധം ഇല്ലാത്തവരാണ് ഇത്തരം ആവശ്യങ്ങൾക്ക് പിന്നിൽ. പൊതുസമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന ഇത്തരം സമരങ്ങളിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണം. സാഹചര്യം മുതലെടുത്ത് വർഗീയ വിഷം ചീറ്റുന്ന സംഘടനകൾക്ക് എതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Most Read| കനത്ത മഴ; മൂന്ന് ജില്ലകളിൽ നാളെ അവധി- കോഴിക്കോട് ഭാഗിക അവധി


































