കൊച്ചി: ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഓൺലൈനായി ഉൽഘാടന ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി, കേരളത്തിനായി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു.
മൊത്തം 1,30,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുക. റോഡ് വികസനത്തിനുള്ള 50,000 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ 10,840 കോടിയുടെ പദ്ധതികൾ മൂന്ന് മാസത്തിനകം തുടങ്ങും. അങ്കമാലി- കുണ്ടന്നൂർ വരെയുള്ള ബൈപ്പാസ് ആറുവരിയാക്കാൻ 6500 കോടി രൂപ അനുവദിച്ചു.
45 കിലോമീറ്റർ നീളുന്ന ഈ ദേശീയപാതയുടെ വികസനപ്രവർത്തനം യാത്രാസമയം അരമണിക്കൂറായി ചുരുങ്ങും. 62.7 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം ഔട്ടർറിങ് റോഡ് പദ്ധതിക്ക് 5000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പദ്ധതിയാണിത്. നാല് മാസത്തിനകം നിർമാണം ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കൊല്ലം ജില്ലയിലും മലബാർ മേഖലയിലും വിവിധ റോഡ് വികസന പദ്ധതികൾക്കും തുക അനുവദിച്ചു. ടൂറിസവും ആയുർവേദവും കേരളത്തിന്റെ നെടുംതൂണുകളാണെന്നും ഇതിനായി കേരളത്തിലെത്തുന്നവരെ ആകർഷിക്കാൻ മികച്ച അടിസ്ഥാനസൗകര്യം അനിവാര്യമാണെന്നും ഗഡ്കരി പറഞ്ഞു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































