ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാതയിൽ മൂന്ന് ജില്ലകളിൽ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായ പശ്‌ചാത്തലത്തിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. ഉദ്യോഗസ്‌ഥരുമായും വിദഗ്‌ധരുമായും വിഷയം അവലോകനം ചെയ്യും.
വീഴ്‌ച ഉണ്ടായ എല്ലാ സ്‌ഥലങ്ങളുടെയും റിപ്പോർട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കരാർ കമ്പനികൾക്കെതിരെയും ഉദ്യോഗസ്‌ഥർക്കെതിരെയും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ദേശീയപാതയിലെ നിർമാണത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ ശക്‌തമായ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു.
മലപ്പുറത്തടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്‌ധ സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു. ഡെൽഹി ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ദേശീയപാത തകർന്ന പ്രദേശങ്ങൾ സമിതി പരിശോധിക്കും. നിർമാണത്തിൽ അപാകത ഉണ്ടായോ, ഉദ്യോഗസ്‌ഥ വീഴ്‌ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഈ മാസം 19നാണ് പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലെത്തിയ മലപ്പുറം കൂരിയാട് ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണത്. കൂരിയാട്ടുനിന്ന് മൂന്ന് കിലോമീറ്റർ അകലെ എടരിക്കോട് മമ്മാലിപ്പടിയിലെ പാലത്തിലും തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലെ മേൽപ്പാലത്തിലും വിള്ളൽ കണ്ടെത്തിയിരുന്നു.
കാഞ്ഞങ്ങാട് സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. കണ്ണൂരിൽ ദേശീയപാതയ്‌ക്ക് സമീപം വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായി. കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രം ഡീബാർ ചെയ്‌തിട്ടുണ്ട്. ഇതിനൊപ്പം പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന കമ്പനിക്കും വിലക്കുണ്ട്.
പദ്ധതിയുടെ പ്രോജക്‌ട് മാനേജർ എം അമർനാഥ് റെഡ്‌ഡിയെ സസ്‌പെൻഡ് ചെയ്‌തു. ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ്‌കുമാർ എന്ന ഉദ്യോഗസ്‌ഥനെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. അതേസമയം, മലപ്പുറത്തെ ബിജെപി നേതൃത്വത്തിനൊപ്പം ഡെൽഹിയിലെത്തി കേന്ദ്രമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താനാണ് സംസ്‌ഥാന ബിജെപി ഘടകത്തിന്റെ തീരുമാനം.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’